കണ്ണൂർ :- ഷോക്കേറ്റുവീണ ഹനുമാൻ കുരങ്ങിന് ജില്ലാ മൃഗാശുപത്രിയിൽ പുനർജന്മം. തിങ്കളാഴ്ച രാവിലെ 10-ന് പാനൂർ ബസ്സ്റ്റാൻഡ് പരിസരത്താണ് പൂർണവളർച്ചയെത്തിയ ഹനുമാൻ കുരങ്ങിനെ ഷോക്കേറ്റ് വീ ണനിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കണ്ണവം റെയ്ഞ്ച് ഓഫീസറുടെ നിർദേശപ്രകാരം പ്രസാദ് ഫാൻസ് അംഗങ്ങളായ ബിജിലേഷ് കോടിയേരിയും മനോജ് കാമനാട്ടുമാണ് കുരങ്ങിനെ കണ്ണൂരിൽ എത്തിച്ചത്. ആദ്യം തലശ്ശേരി വെറ്ററിനറി കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എക്സ്റേ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.
കുരങ്ങിൻ്റെ വലതുകൈയിൽ നീർക്കെട്ടും കാലുകളിലും കഴുത്തിനു താഴെയും പൊള്ളലേറ്റതിൻ്റെ പാടുമുണ്ട്. ശരീരത്തിൽ പലയിടത്തായി ചെറുമുറിവുകളുമുണ്ടായിരുന്നു. ചികിത്സയ്ക്കു ശേഷം കുരങ്ങിന്റെ സംരക്ഷണം ബിജിലേഷ് ഏറ്റെടുത്തു. കണ്ണവം വനമേഖലയിൽ നിന്നാകാം കുരങ്ങ് ജനവാസമേഖലയിൽ എത്തിയതെന്നാണ് കരുതുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിതപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗമായതിനാൽ ഹനുമാൻ കുരങ്ങിനെ കൈവശംവെക്കുന്നതോ അപകടംവരുത്തുന്നതോ ഏഴുവർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.