കോഴിക്കോട് ബീച്ചിൽ നിന്നും പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങവെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു


കോഴിക്കോട് : കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിൽ പുലർച്ചെ 1.10 ഓടെ ആയിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ പുതുവത്സരം ആഘോഷിച്ച ശേഷം സ്കൂട്ടറിൽ മടങ്ങവെയാണ് സംഭവം.

മെയിൻ റോഡുകളിൽ ബ്ലോക്ക് ആയിരുന്നതിനാൽ അത് ഒഴിവാക്കാനായി സ്കൂട്ടറിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുനതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. രണ്ടു സ്കൂട്ടറുകളിലായിരുന്നു നാലംഗ സംഘം സഞ്ചരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആദിലും സ്കൂട്ടറും ട്രെയിനിൻ്റെ എൻജിനിൽ കുടുങ്ങി. 100 മീറ്ററോളം നീങ്ങി വെള്ളയിൽ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Previous Post Next Post