കണ്ണൂർ :- ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന യൂണിഫോം സേനയിലേക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. മയ്യില്‍ ഡ്രോണ്‍ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 50 ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കും. ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം എന്‍ വി ശ്രീജിനി, ഗ്രാമപഞ്ചായത്ത് അംഗം കെ ബിജു, ഇരിക്കൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ വി വിജയന്‍, ഡ്രോണ്‍ അക്കാദമി സിഇഒ സി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.