തിരുവനന്തപുരം :- പേശികളിലേക്കുള്ള ഊർജതടസ്സമാണ് ദീർഘകാല കോവിഡ് ബാധിതരിലെ വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമെന്ന് പഠനറിപ്പോർട്ട്. ഇതുസംബന്ധിച്ച് ആംസ്റ്റർഡാമിലെ ഗവേഷണ സ്ഥാപനമായ ആംസ്റ്റർഡാം യു.എം.സി.യുടെ പഠനവിവരങ്ങളാണ് ശാസ്ത്രജേണലായ 'നേച്ചർ ജേണലിൽ' പ്രസിദ്ധീകരിച്ചത്. കോശങ്ങളിലെ മൈറ്റോകോൺട്രിയയുടെ ഊർജോ ത്പാദനത്തെ കോവിഡ് പ്രതി കൂലമായി ബാധിച്ചതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമെന്നാണ് പഠനത്തിൽ പറയുന്നത്.കോവിഡ് പൂർണമായും ഭേദമായവർ, കോവിഡ് ലക്ഷണമുള്ളവർ എന്നിങ്ങനെ 25 പേരടങ്ങിയ രണ്ട് സംഘങ്ങളിലാണ് പഠനം നടത്തിയത്. ഇരുഗ്രൂപ്പുകളിൽനിന്നും വ്യായാമത്തിനുശേഷം ശേഖരിച്ച രക്തസാംപിളുകളുടെയും അസ്ഥി-പേശീകോശങ്ങളുടെയും ബയോപ്സികളുടെ പരിശോധനയിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
2021-ലാണ് സമാനമായ പഠനം കോഴിക്കോട്ട് നടന്നത്. ജില്ലയിലെ കോവിഡ് കൺട്രോൾ സെല്ലുകളിലെത്തിയ വരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളുമായാണ് ഭൂരിഭാഗംപേരും കോവിഡനന്തരം ചികിത്സതേടിയത്. കോഴിക്കോട് ജില്ലാ കോവിഡ് കൺട്രോൾ സെല്ലിലെ ഡോ. ടി.സി അനുരാധയാണ് ഇത് സംബന്ധി ച്ച് പഠനം നടത്തിയത്. 2023 മാർച്ചിൽ ഇന്ത്യൻ ജേണൽ ഓഫ് കമ്യൂണിറ്റി മെഡിസിനിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.