പയ്യന്നൂർ :- പടന്നയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് കടിയേറ്റു. പടന്ന വടക്കേപ്പുറം ജുമാമസ്‌ജിദിന് സമീപത്തെ സുലൈമാൻ്റെ മകൻ ബഷീറിനെ (ഒന്നരവയസ്സ്) ഗുരുതരമായി കടിയേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ വരാന്തയിൽ കളിച്ചിരുന്ന കുട്ടിയെ വീട്ടുകാരുടെ മുന്നിൽവെച്ചാണ് ആക്രമിച്ചത്. കുട്ടിയുടെ തലയ്ക്ക് പിറകിലും കൈക്കും ആഴത്തിലുള്ള മുറിവുണ്ട് .
പടന്ന മൂസഹാജി മുക്കിലെ ഓട്ടോസ്റ്റാൻഡിൽ ഒരു യുവതിക്കും പടന്ന കാന്തിലോട്ട്, മാട്ടുമ്മൽ എന്നിവടങ്ങളിലെ കുട്ടികൾക്കും നായയുടെ കടിയേറ്റു. നിരവധി വീടുകളിലെ കോഴികൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് പേപ്പട്ടിയുടെ അക്രമം ഉണ്ടായത്.