ശബരിമല സന്നിധാനത്തെ ഹോട്ടലുകളിൽ അമിത വില ഈടാക്കിയവർക്കെതിരെ നടപടിയുമായി പത്തനംതിട്ട കളക്ടർ


പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഹോട്ടലുകളിൽ അമിത വില ഈടാക്കിയവർക്കെതിരെ നടപടിയുമായി പത്തനംതിട്ട കളക്ടർ എ ഷിബു. കടകളിൽ വലിയ രീതിയിൽ വില വ്യത്യാസം മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സന്നിധാനത്തെ ഒരു ഭക്ഷണശാലയിൽ 4 മസാല ദോശ വാങ്ങിയ തീർത്ഥാടകർക്ക് നൽകിയത് 360 രൂപയുടെ ബില്ലാണ്. മകരവിളക്ക് മണ്ഡലവിളക്ക് തീർത്ഥാടന കാലത്തേക്ക് നിശ്ചയിച്ച വില അനുസരിച്ച് 228 രൂപ മാത്രം വാങ്ങാന്‍ അനുമതിയുള്ളപ്പോഴാണ് അമിത വില ഈടാക്കിയത്. മസാല ദോശയ്ക്ക് ചമ്മന്തി നൽകിയതിനാലാണ് അമിത വിലയെന്ന് ന്യായം പറഞ്ഞ ഹോട്ടലിന് കളക്ടർ പിഴയിട്ടു.

പല ഹോട്ടലുകളിലും തീർത്ഥാടകരിൽ നിന്ന് അമിത വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 15 രൂപയുടെ പൊറോട്ടയ്ക്ക് 20ഉം 48 രൂപയുടെ പീസ് കറിക്ക് 60ഉം, 49 രൂപയുടെ നെയ്റോസ്റ്റിന് 75 രൂപയും 14 രൂപയുടെ പാലപ്പത്തിന് 20 ഉം ഈടാക്കിയെന്ന് മിന്നൽ പരിശോധനയിൽ വ്യക്തമായി. പാത്രക്കടകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അമിത വില ഈടാക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും ഈടാക്കിയാണ് കളക്ടർ മടങ്ങിയത്.

Previous Post Next Post