ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വർഷമാക്കി സർക്കാർ ഉത്തരവ്


തിരുവനന്തപുരം :- ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വർഷമാക്കി സർക്കാർ ഉത്തരവിറങ്ങി. 15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്കരിച്ചാണ് ഉത്തരവിറങ്ങിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കാലാവധി നീട്ടുമെന്ന് ഒക്ടോബറിൽ തീരുമാനമുണ്ടായിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധി കഴിഞ്ഞ ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാകാതെ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലായിരുന്നു.

ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്ത് കുറവാണെന്ന് വിലയിരുത്തി കാലാവധി നീട്ടുമെന്ന് ഗതാഗത മന്ത്രിയായിരുന്ന ആൻ്റണി രാജു പറഞ്ഞിരുന്നു. ഉത്തരവിൻ്റെ കരട് ഡിസംബർ 16-നാണ് പുറത്തിറങ്ങിയിരുന്നത്. തുടർന്നുള്ള ഒരു മാസം ഇതിൽ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനുള്ള സമയമായിരുന്നു. ജനുവരി 16നുശേഷം ഉത്തരവിറങ്ങേണ്ടതായിരുന്നു. എന്നാൽ, ഇതുണ്ടായില്ല. ഇതുമൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനാകാതെ ആർ.ടി ഓഫീസുകളിൽ കയറിയിറങ്ങുന്ന സ്ഥിതിയുമായിരുന്നു. കാലാവധി തീരാറായ ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി ഏഴുവർഷം കൂടി ലഭിക്കും.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി), ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി), ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസ് (എൽ.എൻ.ജി), വൈദ്യുതി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റാനായിരുന്നു നിർദേശമുണ്ടായിരുന്നത്.

Previous Post Next Post