റബ്ബർ മേഖലയ്ക്കുള്ള ധനസഹായം 23 ശതമാനം കൂട്ടി


ന്യൂഡൽഹി :- റബ്ബർമേഖലയ്ക്കുള്ള സഹായധനം 23 ശതമാനം കൂട്ടി 708.69 കോടിയാക്കി. 2024-2025, 2025- 2026 സാമ്പത്തികവർഷങ്ങളിലേക്കായാണിത്. നിലവിലിത് 576.41 കോടിയാണ്. കർഷകരെ ശാക്തീകരിക്കാൻ ഇക്കാലയളവിൽ 250 റബ്ബർ ഉത്പാദകസംഘങ്ങൾ രൂപവത്കരിക്കാനും കേന്ദ്രവാണിജ്യ മന്ത്രാലയം തീരുമാനിച്ചു.

ആപ്പുകളും ഡ്രോണുകളും വഴി റബ്ബർ ബോർഡ് സേവന ങ്ങൾ മെച്ചപ്പെടുത്തും. സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്ന് നോഡൽ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കും. 43.50 കോടി ചെലവിൽ 12,000 ഹെക്ടറിൽ റബ്ബർ നടും. ഇതിനുള്ള സഹായനിരക്ക് 1000 രൂപയാക്കി. ഇതോടെ ഹെക്ടറിന്  25,000 എന്നതിൽ നിന്ന് 40,000 രൂപ കർഷകന് ലഭിക്കും. കർഷകരുടെ ഉത്പാദനച്ചെലവ് നികത്താനും റബ്ബറിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനും ഇത്  സഹായിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്. പാരമ്പര്യേതര മേഖലകളിൽ 3752 ഹെക്ടർ റബ്ബർ കൃഷിക്കു കീഴിൽ കൊണ്ടുവരും.

ഹെക്ടറിന് 50,000 രൂപയുടെ നടീൽവസ്തുക്കൾ റബ്ബർ ബോർഡ് നൽകും. പാരമ്പര്യേതര പ്രദേശ ങ്ങളിലെ പട്ടികജാതി കർഷകർക്ക് ഹെക്ടറിന് രണ്ടുലക്ഷം രൂപ നടീൽസഹായവും അനുവദിക്കും. നിലവാരമുള്ള പുതിയതരം നടീൽവസ്തുക്കൾ ഉത്പാദിപ്പിക്കാൻ പാരമ്പര്യേതര മേഖലകളിൽ ബോർഡ് സ്പോൺസർ ചെയ്ത നഴ്‌സറികളെ പ്രോത്സാഹിപ്പിക്കും. ഇത്തരം 20 നഴ്സ‌റികൾക്ക് രണ്ടരലക്ഷം രൂപവീതം സഹായം നൽകും. ഉത്പാദനക്ഷമത വർധിപ്പിക്കാൻ മഴസംരക്ഷണം, സസ്യ സംരക്ഷണം തുടങ്ങിയവയ്ക്കുൾപ്പെടെ 35.60 കോടി നീക്കിവെച്ചു.

Previous Post Next Post