തൃശൂർ: - ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റലൈസേഷന്‍ പദ്ധതി തയ്യാറായി. 24 മണിക്കൂറും ആനകളെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അവശ്യ ഘട്ടത്തില്‍ അപായ സന്ദേശം നല്‍കുന്നതിനുള്ള സംവിധാനവുമടങ്ങുന്ന സമഗ്ര പദ്ധതി രേഖ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
ആനത്താവളത്തിലെ വിവിധ സ്ഥലങ്ങള്‍, നടപ്പാതകള്‍, ആനത്തറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഇതിന് മുന്നോടിയായി സിസിടിവി ക്യാമറകള്‍ രാവും പകലും സ്ഥാപിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പദ്ധതിക്കായി 350 ക്യാമറകള്‍ വേണ്ടിവരും. ആനത്തറികളില്‍ മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. ക്യാമറകളിലെ ദൃശ്യങ്ങള്‍ മോണിട്ടറിങ്ങ് കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാം.
ആനകളുടെയും ആനക്കാരുടെയും പൊതുജനങ്ങളുടെയും സംരക്ഷണം മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.