മലബാറിലെ ക്ഷീരകർഷകർക്ക് മാർച്ചിൽ ഒരു ലിറ്റർ പാലിന് 5.50 രൂപ അധികം ലഭിക്കും


കണ്ണൂർ :- ക്ഷീരകർഷകർക്ക് അധിക വിലയുടെ ആനുകൂല്യവുമായി മിൽമ മലബാർ മേഖല യൂണിയൻ. മാർച്ച് ഒന്നുമുതൽ 31 വരെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് മേഖല യൂണിയൻ സംഭരിക്കുന്ന പാലിന് ചാർട്ട് വിലയേക്കാൾലിറ്ററിന് നാല് രൂപ അധികം നൽകാൻ മേഖല യൂണിയൻ ഭരണ സമിതി തീരുമാനിച്ചു. മുൻപ് പ്രഖ്യാപിച്ച ഒന്നര രൂപ കൂടിയാകുമ്പോൾ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷീരകർഷകർക്ക് മാർച്ചിൽ ഒരു ലിറ്റർ പാലിന് അധികമായി 5.50 രൂപ ലഭിക്കും. ഇതോടെ ക്ഷീരകർഷകരിൽനിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന് ശരാശരി 50.95 രൂപ വില ലഭിക്കും. മാർച്ചിൽ മാത്രം ഇതുവഴി എട്ട് കോടി രൂപയുടെ ധനസഹായമാണ് ക്ഷീര കർഷകർക്ക് നൽകുന്നത്.

ഡിസംബർ മാസത്തിലും പ്രാഥമിക സംഘങ്ങളിൽനിന്ന് സംഭരിക്കുന്ന പാലിന് ഒന്നര രൂപ അധികവില നൽകുന്നുണ്ട്. മേഖല യൂണിയന് പാൽ നൽകുന്ന ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾക്ക് പ്രവർത്തനഫണ്ടായി 50 ലക്ഷം രൂപയും അംഗ സംഘങ്ങൾക്കുള്ള ഓഹരിത്തുകയായി 5.5 കോടി രൂപയും ക്ഷീരസംഘം ജീവനക്കാർക്കായി രണ്ടുകോടി രൂപയും ഉൾപ്പെടെ മാർച്ച് മാസത്തിൽ മാത്രം 16 കോടി രൂപയാണ് അധികമായി നൽകുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം പാൽവില കൂടാതെ വിവിധ ആനുകൂല്യങ്ങളായി 49 കോടി രൂപ ക്ഷീരകർഷകർക്ക് നൽകിയിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ് മണിയും മാനേജിങ് ഡയറക്ടർ കെ.സി ജെയിംസും പറഞ്ഞു.

Previous Post Next Post