കണ്ണൂർ :- മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് എൻഫോഴ്സസ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്‌തു. 'കസർമുല്ല' ബസ് ഡ്രൈവർ മക്രേരി സ്വദേശി കെ.അർജുന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്‌തത്. റോഡ് ഉപയോഗിക്കുന്ന വ്യക്തികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ബസ് ഓടിച്ചു, മത്സരയോട്ടം നടത്തി, ഇടതുവശത്തുകൂടി മറ്റൊരു ബസ്സിനെ മറികടന്നു എന്നിവ കണ്ടെത്തിയാണ് നടപടി. ഫെബ്രുവരി 5 ന് ആയിരുന്നു സംഭവം.
മമ്പുറത്തു നിന്ന് കായലോട് ബസ്സിൽ കയറിയ വ്യക്‌തികൾക്കാണ് കയലോട് പാനുണ്ട റോഡിൽ 2 ബസുകളുടെ ഇടയിൽ ഇറങ്ങേണ്ടി വന്നത്. സമീപത്തുള്ള സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. എൻഫോഴ്സസ്മെന്റ് ആർടിഒ സി.യു മുജീബിന്റെ നിർദേശപ്രകാരം എംവിഐ സി.എ പ്രദീപ് കുമാറും, എഎംവിഐ വി.പി സജീഷും ചേർന്നാണ് നടപടി സ്വീകരിച്ചത്.