അർബുദം തിരിച്ചുവരുന്നത് തടയാൻ ഗുളിക വികസിപ്പിച്ച് ഗവേഷകർ


നവിമുംബൈ :- ഭേദമായ അർബുദം തിരിച്ചുവരുന്നത് 30 ശതമാനംവരെ തടയാൻ ഗുളിക വികസിപ്പിച്ചെടുത്തെന്ന് ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കാനാവുമെന്നും അവകാശപ്പെട്ടു.

കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും നശിപ്പിക്കപ്പെടുന്ന അർബുദകോശങ്ങളിൽ നിന്നുണ്ടാകുന്ന ക്രൊമാറ്റിൻ (ക്രോമസോം വേർപിരിഞ്ഞുണ്ടാകുന്ന കണിക) രക്തത്തിലൂടെ സഞ്ചരിച്ച് ആരോഗ്യമുള്ള കോശങ്ങളിലെത്തി വീണ്ടും അർബുദം പടർത്തുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. പ്രൊഫ.ഇന്ദ്രനീൽ മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു കണ്ടെത്തിയത്.

വായിലൂടെ കഴിക്കാവുന്ന ഗുളിക വളരെ പെട്ടെന്നു തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഇത് പുറത്തുവിടുന്ന ഓക്സിജൻ റാഡിക്കലുകൾ ക്രൊമാറ്റിനെ നശിപ്പിക്കുകയും അർബുദത്തിൻ്റെ വ്യാപനം തടയുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. രോഗവ്യാപനം തടയുക മാത്രമല്ല, ഗുളിക കീമോതെറാപ്പിയുടെയും വികിരണചികിത്സയുടെയും പാർശ്വഫലങ്ങൾ അമ്പതുശതമാനമായി കുറയ്ക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

ചുണ്ടെലികളിൽ സ്തനാർബുദ കോശങ്ങൾ ഗ്രാഫ്റ്റ് ചെയ്താണ് ആക്ടക്കിലെ ട്രാൻസ്‌ലേഷണൽ ലബോറട്ടറിയിൽ പരീക്ഷണങ്ങൾ നടത്തിയത്. പാർശ്വഫലങ്ങളെക്കുറിച്ച് എലികളിലും മനുഷ്യരിലും പരീക്ഷണം നടത്തിക്കഴിഞ്ഞു. മരുന്നിൻ്റെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ട്രയൽ മനുഷ്യരിൽ നടക്കാനിരിക്കുന്നതേയുള്ളൂ. നൂറുരൂപ മാത്രം വിലവരുന്ന മരുന്നിനെ അദ്ഭുതമരുന്ന് എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
Previous Post Next Post