കണ്ണൂർ :- മസ്റ്ററിങ് (ജീവിച്ചിരിക്കുന്നെന്നും അർഹരാണെന്നും ഉറപ്പാക്കൽ) പൂർത്തിയാക്കാത്ത ബി.പി.എൽ, എ.എ. വൈ കാർഡുകൾക്ക് ഏപ്രിൽ മുതൽ റേഷൻ മുടങ്ങും. ഇത്തരം കാർഡുകളിലെ അംഗങ്ങൾ മാർച്ച് 31-നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന നിർദേശം കർശനമാക്കിയതിനെത്തുടർന്നാണിത്. 2024 ജനുവരിക്കകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രനിർദേശം. സംസ്ഥാനം അപേക്ഷിച്ചതിനെത്തുടർന്ന് നീട്ടുകയായിരുന്നു. സംസ്ഥാനത്ത് 35,49,592 ബി.പി.എൽ കാർഡും 5,89,367 എ.എ.വൈ കാർഡുമാണുള്ളത്.
ആധാർ കാർഡും റേഷൻ കാർഡുമായി പോയാൽ റേഷൻ കടകളിൽ ഇ-പോസ് യന്ത്രം ഉപയോഗിച്ച് മസ്റ്റർ ചെയ്യാം. വീട്ടിൽ ഇല്ലാത്തവരുടെ പേരിൽ സൗജന്യ ഭക്ഷ്യധാന്യവും മറ്റാനുകൂല്യവും അനർഹർ തട്ടിയെടുക്കുന്നത് തടയുകയാണ് മസ്റ്ററിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച വരെ 2522 ബി.പി.എൽ കാർഡുകളും 4799 എ.എ.വൈ കാർഡുകളും മസ്റ്ററിങ് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ആദ്യം മസ്റ്ററിങ് നടത്താൻ തീരുമാനിച്ചിരുന്നത്. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് റേഷൻകട അടിസ്ഥാനത്തിലേക്ക് മാറ്റിയത്. റേഷൻകടകളിലെ ആദ്യഘട്ട മസ്റ്ററിങ്ങിനുശേഷം പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.