കൊച്ചി :- വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോ ടതിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിന് കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വയനാട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി.ഗോപിനാഥും അടങ്ങിയ ബെഞ്ച് വിഷയം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. സംസ്ഥാന അതിർത്തികൾ മനുഷ്യനേയുള്ളൂവെന്നും മൃഗങ്ങൾക്കില്ലെന്നും കോടതി ഓർമിപ്പിച്ചു.
റേഡിയോ കോളർ ഉണ്ടായിരുന്ന ആനയാണ് ആക്രമണം നടത്തിയത്. ആനയെക്കുറിച്ചുള്ള വിവരം യഥാസമയം കർണാടക അധികൃതർ നൽകാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിശദീകരിക്കുന്നത്. എന്നാൽ ഇതിന് തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. ഉത്തരവ് മൂന്ന് സർക്കാരുകൾക്കും ഈ അയച്ചുനൽകാൻ രജിസ്ട്രറിക്ക് നിർദേശം നൽകി.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തടയുന്ന കാര്യത്തിൽ മുൻ ഉത്തരവിലെ നിർദേശപ്രകാരം സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വയനാട്ടിൽ ജനവാസ മേഖലയിലേക്ക് വന്യജീവികൾ ഇറങ്ങുന്നത് ചെറുക്കുന്നതിനായി ഉടൻ സ്വീകരിക്കുന്ന ഇടക്കാല നടപടികൾ 10 ദിവസത്തിനുള്ളിൽ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിക്കണം. ഇത് ഒരു മാസത്തിനകം നടപ്പാക്കണം.