നെടുങ്കയത്ത് പ്രകൃതിപഠന ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം ; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം :- നെടുങ്കയത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ വകുപ്പുതല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്കല്‍ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഭാഗത്തില്‍ പ്രകൃതി പഠനത്തിനു പോയ വിദ്യാര്‍ഥിനികളാണ് നെടുങ്കയത്ത് മുങ്ങി മരിച്ചത്. നെടുങ്കയത്തെ കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കുട്ടികള്‍ കയത്തില്‍ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാര്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Previous Post Next Post