കണ്ണൂർ :- വീടിന് വടക്കുവശത്തെ ക്ഷേത്രത്തിലെ കുലദേവതയെ വണങ്ങി ബ്രാഹ്മണ ആചാരത്തോടെ താലിചാർത്തൽ. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡംഗങ്ങളുടെയും നേതൃത്വത്തിൽ വധൂവരന്മാരെ അനുഗ്രഹിച്ച് മാപ്പിളപ്പാട്ട്. കണ്ണൂർ വളപട്ടണത്ത് നടന്ന വേറിട്ട കല്യാണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വളപട്ടണം ഗ്രാമപ്പഞ്ചായത്തംഗവും മുൻ പ്രസിഡന്റുമായ വടക്കെ ഇല്ലം കൂടോഞ്ഞ് ലളിതാദേവിയുടെ മകൻ പി.കെ മനോജിൻ്റെ മകൾ രഞ്ജനയും കോഴിക്കോട് മാങ്കാവ് സ്വദേശി തയ്യിൽ ഇല്ലത്ത് ഹരിനാഥുമാണ് വിവാഹിതരായത്. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്വേർ എൻജിനീയറാണ് അഞ്ജന. ഹരിനാഥ് മുംബൈയിൽ ബാങ്ക് ഉദ്യോഗസ്ഥനും. 'മതസൗഹാർദത്തിന് മാതൃക' എന്ന കുറിപ്പോടെയാണ് കല്യാണാഘോഷത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.
വളപട്ടണത്തെ വീട്ടിൽ നടന്ന വിവാഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീലവൈസ് പ്രസിഡൻ്റ് വി.കെ സി.ജംഷീറ, സ്ഥിരം സമിതി 7 ചെയർമാൻ സമീറ, വാർഡംർഗങ്ങളായ മൈമൂനത്ത്, ഖദീജ, രാധിക എന്നിവർ ചേർന്നാണ് . വധൂവരന്മാരെ ഇരുത്തി മാപ്പിളപ്പാട്ട് പാടിയത്. നാട്ടുകാരുംബന്ധുക്കളും പാട്ടിനൊപ്പം ചുവടുവെച്ചു. കളരിവാതുക്കൽ ക്ഷേത്ര സമുദായസ്ഥാനികൻ കേശവൻ മൂത്ത പിടാരരുടെ നേതൃത്വത്തിൽ മധുരവിതരണവുമുണ്ടായിരുന്നു. പാട്ട് വൈറലായതിൽ സന്തോഷമുണ്ടന്ന് വളപട്ടണം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ഷമീലയും രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റായ റിട്ട.അധ്യാപിക ലളിതാദേവിയും പറഞ്ഞു.