തിരുവനന്തപുരം :- കൂലിപ്പണിക്കുള്ള ശരാശരി ദിവസവേതനത്തിൻ്റെ കാര്യത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിലുള്ളത് വലിയ അന്തരം. 2023-ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം, പുരുഷന്റെ ദിവസ വേതനത്തിൻ്റെ പകുതിയോളം മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും കൂലിപ്പണിയിൽ ദേശീയ തലത്തിലുള്ളവരേക്കാൾ വേതനം ലഭിക്കുന്നുണ്ട്. എങ്കിലും സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും വേതനനിരക്കുകളിലെ ഈ അസമത്വം പ്രകടമാണ്. വരുമാനത്തിലെ ലിംഗപദവിപരമായ വ്യത്യാസം ശമ്പളമുള്ള ജോലികളെക്കാളും സ്വയം തൊഴിലിനെക്കാളും കൂടുതൽ കൂലിപ്പണിയിലാണെന്ന് 2023-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
2023 ഏപ്രിൽ മുതൽ ജൂൺ വരെ സംസ്ഥാനത്ത് ഗ്രാമങ്ങളിൽ പുരുഷന്മാർക്ക് കൂലിപ്പണിക്ക് ശരാശരി ദിവസവേതനമായി 846 രൂപ കിട്ടുമ്പോൾ, സ്ത്രീകൾക്ക് കിട്ടുന്നത് 419 രൂപ മാത്രം. നഗരത്തിൽ ഇത് 903 രൂപയും 494 രൂപയുമാണ്. ഇതേ കാലയളവിൽ രാജ്യത്ത് ഗ്രാമങ്ങളിൽ പുരുഷന്മാർക്ക് 416 രൂപ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് 287 രൂപയാണ് കൂലി. രാജ്യത്തെ നഗരങ്ങളിൽ പുരുഷന്മാർക്ക് 515 രൂപയും സ്ത്രീകൾക്ക് 333 രൂപയുമാണ് ദിവസവേതനം.