കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷനേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്നി' നാളെ തുടക്കമാകും


കാസർഗോഡ് :- കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷനേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്നി' നാളെ ഫെബ്രുവരി 9ന് തുടങ്ങും. വിദ്യാനഗറിലെ കാസർഗോഡ് നഗരസഭാ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന് എ.ഐ.സി. സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി. തുടങ്ങിയവർ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് കാസർഗോഡ് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന വരുമായി നേതാക്കൾ സംവദിക്കും. കേന്ദ്ര-സംസ്ഥാന ഭരണത്തിലെ കൊള്ളരുതായ്മകൾ തുറന്നുകാട്ടുകയെന്ന ലക്ഷ്യവുമായാണ് ജനകീയ പ്രക്ഷോഭയാത്ര സം ഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മുപ്പതിലധികം പൊതുസമ്മേളനങ്ങളാണ് ജാഥയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ മൂന്നുവീതം സമ്മേളനങ്ങൾ നടക്കും. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ടു വീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ ഓരോന്ന് വീതവും പൊതുസമ്മേളനങ്ങളാണ് നടക്കുക.

കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈൻഡ്രൈവിലും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും റാലികളും സംഘടിപ്പിക്കും. ജാഥ 29-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ്റ് പി.കെ ഫൈസൽ, ബാലകൃഷ്ണൻ പെരിയ, എൻ.സുബ്രഹ്മണ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post Next Post