കൂടുതൽ കര്‍ഷകരെ എത്തിക്കും ; കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവെച്ചു
ദില്ലി :- കൂടുതൽ കര്‍ഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്ന് കർഷക നേതാക്കൾ പറയുന്നു. ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. ചലോ ദില്ലി മാർച്ചിൽ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കർഷക സംഘടനകൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് ഇന്ന് അതിര്‍ത്തിയിൽ മരിച്ചത്. ഖനൗരി അതിർത്തിയിലെ പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയിൽ ദർശൻ സിംഗ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നും, ഇന്നലെ അർദ്ധ രാത്രി മരിച്ചുവെന്നും കർഷക നേതാക്കൾ പറഞ്ഞു. ഖനൗരി അതിർത്തിയിൽ മൂന്നും ശംഭു അതിർത്തിയിൽ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരക്കാരെ തടഞ്ഞ 3 ഹരിയാന പോലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റു എന്നും ഹരിയാന പോലീസ് അറിയിച്ചു. ബുധനാഴ്ച ഖനൗരിയിൽ പോലീസ് വെടിവയ്പ്പിൽ മരിച്ച യുവ കർഷകൻ ശുഭ കരൻ സിംഗിന്റെ മൃതദേഹം നിലവിൽ പട്യാല ആശുപത്രിയിൽ ആണുള്ളത്.