മയ്യിൽ :- പാവന്നൂർക്കടവിൽ ഈയിടെയുണ്ടായ ടിപ്പർ അപകടത്തിൽ മലപ്പട്ടത്തെ ഒരു പിഞ്ചോമനയുടെ ജീവൻ പൊലിഞ്ഞ സംഭവത്തിനു ശേഷം ആ വഴിയിലൂടെയുള്ള ടിപ്പർ ലോറിക്കാരുടെ മരണപാച്ചിൽ ജനകീയമായി നേരിടുകയും അമിത വേഗത തടയുകയും ചെയ്തതിനെ തുടർന്ന് ഇത്തരം ടിപ്പർ വാഹനങ്ങൾ ഇപ്പോൾ കൂടുതലും എട്ടേയാർ - മലപ്പട്ടം റൂട്ടിലൂടെയാണ് പോകുന്നത്. നിരവധി വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള ഈ വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിൽ ഇല്ലാതാകുന്നത് സാധാരണക്കാരുടെ ജീവനാണ്.
സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള നിരവധി കാൽനടയാത്രക്കാർ ദിനംപ്രതി സഞ്ചരിക്കുന്ന ഈ റോഡിലൂടെ വേഗതയിൽ പായുന്ന വാഹനങ്ങൾ ഭീതി സൃഷ്ടിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും, അധികാരികളും മറ്റും ചേർന്ന് ഇത്തരം വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നിർദേശം നൽകുകയും കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും സുഗമമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.