ന്യൂഡൽഹി :- ജീവിതച്ചെലവിന് ആനുപാതികമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉടൻ വർധിപ്പിക്കണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതി വീണ്ടും ശുപാർശ ചെയ്തു. 2008 മുതൽ കേന്ദ്രം വരുത്തുന്ന വാർഷിക വർധന പര്യാപ്തമല്ലെന്നു കെ.കനിമൊഴി എം.പി അധ്യക്ഷയായ സമിതി ചൂണ്ടിക്കാട്ടി. 2022 ലും സമിതി സമാനമായ ശുപാർശ നൽകിയിരുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 221 രൂപയാണ് വേതനമെങ്കിൽ സിക്കിമിലെ ചില പഞ്ചായത്തുകളിൽ ഇത് 354 രൂപയാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ ഭാഗമായിരുന്നിട്ടും തൊഴിൽ ചെയ്യാൻ പലരും സന്നദ്ധരാകാത്തതിനു പിന്നിൽ കുറഞ്ഞ വേതനം ഒരു കാരണമാകാമെന്നും സമിതി വ്യക്തമാക്കി