വ്യാപാരികളുടെ കടയടപ്പ് സമരം നാളെ


കോഴിക്കോട് :- വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലുള്ള വ്യാപാര സംരക്ഷണ ജാഥ നാളെ തിരുവനന്തപുരത്ത് സമാപിക്കും. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ കടകൾ നാളെ അടച്ചിടും. ഏകോപന സമിതിയിൽ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവർത്തിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.

വ്യാപാര മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് ജനുവരി 29-നാണ് കാസർഗോഡു നിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടയും സഞ്ചരിച്ചാണ് ജാഥ നാളെ തിരുവനന്തപുരത്ത് എത്തുന്നത്. വൈകിട്ട് നാലിനാണ്‌ പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. അതേസമയം, നാളെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി വ്യക്തമാക്കി.

കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള ടെക്സ്സ്റ്റൈൽ ഗാർമെൻ്റ്സ് ഫെഡറേഷൻ ഭാരവാഹി കൾ അറിയിച്ചു. നാളെ ഫെഡറേഷൻ അംഗങ്ങളായവരുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

ഓൺലൈൻ വ്യാപാര മേഖലയിൽ നിന്നുള്ളവെല്ലുവിളിക ൾ കാരണം 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിപ്പിച്ചാലും സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ കടകൾ അടച്ചിടുന്നത് ചെറുകിട വ്യാപാരികൾക്ക് ഗുണകരമല്ലെന്നും ഭാരവാഹികൾ പറഞ്ഞു. വ്യാപാരി മന്ദിരത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് പി.വി ഗോപി അധ്യക്ഷത വഹിച്ചു. ശ്രീജി ഇടവലത്ത്, സി.കെ നിയാസ് എന്നിവർ സംസാരിച്ചു.

Previous Post Next Post