ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പില്‍ കേരള എന്‍.സി.സിയ്ക്ക് അഭിമാനനേട്ടം - മന്ത്രി ആര്‍ ബിന്ദു


തിരുവനന്തപുരം : ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പില്‍ കേരള എന്‍.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി മന്ത്രി ആര്‍ ബിന്ദു. രാജ്യത്തെ ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡയറക്ടറേറ്റിനുളള ട്രോഫി സ്വന്തമാക്കി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രം കുറിച്ചുവെന്നും മന്ത്രി അറിയിച്ചു.

'കഴിഞ്ഞ വര്‍ഷം നടന്ന എന്‍സിസിയുടെ ഓവറോള്‍ പ്രകടനത്തിന് അഖിലേന്ത്യാതലത്തില്‍ കേരള എന്‍സിസി ഇത്തവണ നാലാം സ്ഥാനവും സ്വന്തമാക്കി. 2023-ലെ പതിനൊന്നാം സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്.' ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് സംസ്ഥാനത്തിന് അഭിമാനമായി മാറിയ കേഡറ്റുകളെ ഫെബ്രുവരി അഞ്ചിന് ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് അഞ്ചു മണിയ്ക്ക് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 29 വരെ ദില്ലിയിലായിരുന്നു റിപ്പബ്ലിക് ദിന ക്യാമ്പ്. കേരളത്തില്‍ നിന്ന് പങ്കെടുത്ത 124 കേഡറ്റുകളും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. വിവിധ മത്സരങ്ങളില്‍ ഇന്നവേഷന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ബാലെയ്ക്ക് രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാന്‍സിന് മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. സര്‍ജന്റ് ചിന്‍മയി ബാബു രാജ്, ജൂനിയര്‍ ആര്‍മി ബെസ്റ്റ് കേഡറ്റ് മത്സരത്തില്‍ വെളളി മെഡല്‍ നേടി. കോര്‍പ്പറല്‍ ആകാശ് സൈനിയ്ക്ക് അശ്വാരൂഢ മത്സരത്തിന്റെ ഹാക്സ് ഇനത്തിന് വെങ്കല മെഡല്‍ ലഭിച്ചു. സര്‍ജന്റ് സെയിദ് മുഹമ്മദ് ഷാഹില്‍ എന്‍. കെ സീനിയര്‍ നേവല്‍ ബെസ്റ്റ് കേഡറ്റിനുളള വെങ്കല മെഡല്‍ കരസ്ഥമാക്കി. ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി ന്യൂഡല്‍ഹിയുടെ പ്രത്യേക പരാമര്‍ശത്തിന് രണ്ട് കേഡറ്റുകള്‍ അര്‍ഹരായിയെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ദേശീയ തലത്തില്‍ കേരള ലക്ഷദ്വീപ് എന്‍.സി.സി ഡയറക്ടറേറ്റ് കരസ്ഥമാക്കിയ ഈ മികവാര്‍ന്ന നേട്ടത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ എല്ലാ പിന്തുണയ്ക്കും എന്‍ സി സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ജെ.എസ്. മങ്കത്ത് വി.എസ്.എം അഭിനന്ദനവും നന്ദിയും അറിയിച്ചതും മന്ത്രി പങ്കുവെച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തിയ കേഡറ്റുകള്‍ക്ക് വര്‍ണ്ണാഭമായി വരവേറ്റുവെന്നും മന്ത്രി അറിയിച്ചു.

Previous Post Next Post