റെയിൽവെ സ്റ്റേഷൻ വിപണി ; കച്ചവടക്കാർ നേടിയത് 1.64 കോടി


തിരുവനന്തപുരം :- 17 സ്റ്റേഷനുകളിൽ റെയിൽവേ സൗജന്യമായി നൽകിയ വിപണിയിലൂടെ സ്ത്രീകളും സ്വയം സംരംഭകരും ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാർ നേടിയത് 1.64 കോടിരൂപ. പ്രാദേശിക ഉത്പന്നങ്ങൾക്ക് ഇടനിലക്കാരില്ലാതെ വിപണിയൊരുക്കാൻ റെയിൽവേ ഒരുക്കിയ പദ്ധതിയിൽ കഴിഞ്ഞ ഒരുവർഷത്തെ നേട്ടമാണിത്. ഒരാൾക്ക് 15 ദിവസത്തേക്കാണ് സ്റ്റാൾ അനുവദിക്കുന്നത്. വൈദ്യുതിനിരക്ക് മാത്രമാണ് ഈടാക്കുക.

പ്രാദേശിക ഉത്പന്നങ്ങൾക്കാണ് മുൻഗണന. വീടുകളിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ വരെ വിപണിയിലെത്തിക്കാം. ബാലരാമപുരം കൈത്തറി, അച്ചാറുകൾ, കരകൗശലവസ്തുക്കൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾക്ക് ഇതുവഴി വിപണിയൊരുങ്ങി. കൂടുതൽ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ഉത്പന്നങ്ങളിലെ വൈവിധ്യത്തിനായി കുടുംബശ്രീ, കരകൗശലവികസന കോർപ്പറേഷൻ എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. ഇടനിലക്കാർക്കും വിതരണ ഏജൻസികൾക്കും അവസരം നൽകില്ല. വാടക നൽകേണ്ടതില്ലാത്തതിനാൽ മറ്റു വിപണകേന്ദ്രങ്ങളെ അപേക്ഷിച്ച് വിലക്കുറവിൽ യാത്രക്കാർക്ക് സാധനങ്ങൾ ലഭിക്കുമെന്ന നേട്ടവുമുണ്ട്. 574 കച്ചവടക്കാരാണ് കഴിഞ്ഞ സാമ്പത്തികവർഷം റെയിൽവേയുടെ സൗജന്യ സ്റ്റാളുകൾ ഉപയോഗിച്ചത്. 

സ്റ്റാളുകൾ ആവശ്യമുള്ളവർ റെയിൽവേക്ക് അപേക്ഷ നൽകണം. തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കന്യാകുമാരി, നാഗർകോവിൽ, കുഴിത്തുറ, വർക്കല, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, ആലപ്പുഴ, ചേർത്തല, എറണാകുളം സൗത്ത്, നോർത്ത്, ആലുവ, ഗുരുവായൂർ, തൃശ്ശൂർ സ്റ്റേഷനുകളിലാണ് ഇപ്പോൾ സൗജന്യ സ്റ്റാളുകളുള്ളത്.

Previous Post Next Post