കൊച്ചി :- കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ്. സംഭവത്തില്‍ വമ്പിച്ച പ്രതിഷേധം മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മോര്‍ച്ചറിയില്‍ കയറി കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം എടുത്ത് പ്രതിഷേധത്തിലേക്ക് കൊണ്ടുപോയതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മോര്‍ച്ചറിയില്‍ കയറി മൃതദേഹം ബലമായി പിടിച്ചു കൊണ്ടുപോയി എന്നത് ഗൗരവകരമായ സംഭവമെന്നും ജനപ്രതിനിധികള്‍ നിയമവ്യവസ്ഥ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് കോതമംഗലത്ത് വമ്പൻ പ്രതിഷേധം നടക്കുന്നത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് വനടുറോഡില്‍ വച്ചായിരുന്നു പ്രതിഷേധം. എന്നാലീ പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസിന്‍റെ ഇടപെടലോടെ മൃതദേഹം മാറ്റാൻ കഴിഞ്ഞു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.