മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവര്‍ മരണപ്പെട്ടു,ഇരുപതോളം പേര്‍ക്ക് പരിക്ക്


കാസര്‍ഗോഡ് :- ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്‌സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. മരിച്ച ചേതൻ കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.

Previous Post Next Post