ചേലേരിയിൽ കനാലിൽ മാലിന്യം തള്ളിയതിന് പിഴ ചുമത്തി


കൊളച്ചേരി :- ചേലേരി നൂഞ്ഞേരിയിൽ മുണ്ടേരിക്കടവ് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കനാലിൽ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. ശുചിത്വ മാലിന്യ സംസ്കരണരംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മുണ്ടേരിക്കടവ് പാലത്തിനു സമീപം മാലിന്യം തള്ളുന്നത് പതിവാണെന്ന പരാതിയെത്തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വിശദമായ പരിശോധന നടത്തിയത്.

കനാലിൽ നിക്ഷേപിച്ച ചാക്കുകെട്ടുകൾ പരിശോധിച്ച് മാലിന്യം തള്ളിയ ആളെ കണ്ടെത്തുകയും വിളിച്ച് വരുത്തി അതേ വാഹനത്തിൽ തന്നെ തിരിച്ചെടുപ്പിക്കുകയും ചെയ്തു. പതിനായിരം രൂപ പിഴ ചുമത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും കൊളച്ചേരി പഞ്ചായത്തിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിലെ വി.പി. കോംപ്ലക്സ് കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ജലമലിനീകരണത്തിന് ഇടയാകുന്ന വിധത്തിൽ പൊതുസ്ഥലത്ത് തള്ളിയത്. വി.പി.കോപ്ലക്സിലെ സ്ഥാപനങ്ങൾക്കും മാലിന്യം തള്ളിയ നൂഞ്ഞേരിയിലെ വള്ളുവച്ചേരി പീടികയിൽ റഫീഖിനും എതിരെ ആണ് നിയമനടപടി സ്വീകരിച്ചത്. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്നും സ്ക്വാഡ് അറിയിച്ചു

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടരി ബാബു എം., നിവേദിത കെ.വി., വൈശാഖ് എസ്.എസ്. എന്നിവർ പങ്കെടുത്തു.




Previous Post Next Post