തിരുവനന്തപുരം :- എന്‍ജിനീയറിങ് - മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. താല്‍പര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തത് കൊണ്ട് പൊതുപ്രവേശന പരീക്ഷകളില്‍ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് കോച്ചിംഗ് സെന്ററുകളിലോ മറ്റോ പോയി പരിശീലനം നേടാന്‍ കഴിയില്ല. അത്തരക്കാരെ പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനുള്ള പിന്തുണ ഒരുക്കുകയാണ് കൈറ്റ് വിക്ടേഴ്‌സിലൂടെയെന്ന് ശിവന്‍കുട്ടി പറഞ്ഞു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതിനായാണ് പൊതുപ്രവേശന പരീക്ഷയില്‍ അധിഷ്ഠിതമായ ഒരു പരിപാടി വിക്ടേഴ്‌സില്‍ ആരംഭിക്കുന്നത്. പഠിച്ച ആശയങ്ങള്‍ ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും തൊഴില്‍ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ദേശീയ മത്സര പരീക്ഷകള്‍ക്ക് നല്‍കുന്ന ചോദ്യങ്ങള്‍ കുട്ടി പഠിച്ച പാഠപുസ്തകത്തില്‍ നിന്നു തന്നെയാണ് എന്ന് ഉറപ്പിക്കുകയും അതിലൂടെ അവരില്‍ ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്ന തരത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നല്‍കുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങള്‍ കൂടി പഠിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യ പേപ്പറുകളുടെ ഉത്തരങ്ങള്‍ക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു,
'ടെലികാസ്റ്റ് ചെയ്യുന്നതോടൊപ്പം കുട്ടികള്‍ക്ക് പരിശീലനത്തിനുള്ള പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികള്‍, അസൈന്‍മെന്റുകള്‍, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. വരുന്ന വര്‍ഷം ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് നല്‍കി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള രീതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ സയന്‍സ് വിഷയങ്ങളായ കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ തയ്യാറാക്കുന്നത്. കേരളത്തിലെ ഈ വിഷയങ്ങളില്‍ വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. അതിനെ തുടര്‍ന്ന് മോക്ക് ടെസ്റ്റും ഉണ്ടാകും.'- ശിവൻകുട്ടി പറഞ്ഞു.
ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് വിഷയാധിഷ്ഠിതമായ ക്ലാസുകള്‍ ടെലികാസ്റ്റ് ചെയ്യുന്നത്. 120 മണിക്കൂര്‍ ക്ലാസുകള്‍ അഞ്ചു വിഷയങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. രാജ്യത്തെ മിക്ക യൂണിവേഴ്‌സിറ്റികളും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇനി പ്രവേശനം നല്‍കുക. അപ്പോള്‍ സംസ്ഥാനത്തെ കുട്ടികള്‍ പിന്തള്ളപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യവും ഈ പ്രോഗ്രാമിന് പിന്നിലുണ്ട്. വരും വര്‍ഷങ്ങളില്‍ സോഷ്യല്‍ സയന്‍സ്, കൊമേഴ്സ് വിഷയങ്ങളുടെ പ്രവേശന പരീക്ഷകള്‍ക്കും ഇത്തരം പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതിയിടുന്നുണ്ട്. ടെലികാസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് കോവിഡ് കാലത്തു ചെയ്ത പോലെ ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പരീക്ഷാ പരിശീലന പരിപാടി എത്തിക്കാനുള്ള ശ്രമം പ്രാദേശികമായി നടത്തണം. ഇതിനായി സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, കൈറ്റ് മാസ്റ്റര്‍മാര്‍ എന്നിവര്‍ മുന്നിട്ടിറങ്ങണം. വരും അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ തന്നെ ഈ പിന്തുണ സംവിധാനം ഉണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.