ഉജ്ജ്വല പാചകവാതക സബ്‌സിഡി ഒരു വർഷത്തേക്കുകൂടി നീട്ടി


ന്യൂഡൽഹി :- ഉജ്ജ്വല പദ്ധതിക്കുകീഴിൽ നൽകുന്ന പാചകവാതക സിലിൻഡറുകൾക്കുള്ള 300 രൂപയുടെ സബ്‌സിഡി ഒരുവർഷത്തേക്കു കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിലിൻഡറിന് 200 രൂപ സബ്‌സിഡി നൽകിയിരുന്നത് കഴിഞ്ഞ ഒക്ടോബറിൽ അഞ്ചുസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 300 രൂപയാക്കി വർധിപ്പിച്ചിരുന്നു. അത് 2024-25 സാമ്പത്തിക വർഷത്തക്കു കൂടി നീട്ടാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് പുതിയ തീരുമാനം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിൻഡറുകൾക്കാണ് സബ്‌സിഡി. വർഷം 12 സിലിൻഡറുകൾക്ക് വരെയാണ് ഇളവ് ലഭിക്കുക. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിൻഡറിനാണ് നിരക്കിളവ്. പത്തുകോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. സർക്കാരിന് 12,000 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് തീരുമാനം. 2016ലാണ് കേന്ദ്രം ഉജ്ജ്വല പദ്ധതി അവതരിപ്പിച്ചത്. കണക്ഷൻ സൗജന്യമാണെങ്കിലും സിലിൻഡറുകൾ പണം നൽകി വാങ്ങണം. 2022 മേയിലാണ് സർക്കാർ 200 രൂപ സബ്‌സിഡി നൽകാനാരംഭിച്ചത്.

Previous Post Next Post