മിഠായി കവറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ തയ്യാറാക്കി വെച്ചിരുന്ന മയക്കുമരുന്ന് പിടികൂടി


മലപ്പുറം :- മിഠായി കവറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്ന് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും 200 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ സ്ഥിരമായി താമസിക്കുന്ന തിരൂർ സ്വദേശി അനസിന്‍റെ റൂമിൽ എംഡിഎംഎ ഉണ്ടെന്ന് മനസിലാക്കിയതോടെ ഈ റൂം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും എക്‌സൈസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി കടന്നു കളഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും എക്സൈസ് പറഞ്ഞു. 

മിഠായി കവറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്ന് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ബി സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസൂത്രിതമായി പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, പ്രിവൻ്റീവ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, ഷെഫീർ അലി പി, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സലീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിസാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Previous Post Next Post