സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞു ; നഷ്ടമാകുന്നത് 3764 തസ്‌തികകൾ


തിരുവനന്തപുരം :- സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞതു മൂലം ഈ അധ്യയന വർഷം ഇല്ലാതാവുക 3764 തസ്‌തികകൾ. ഇതിൽ 2070 എണ്ണം എയ്‌ഡഡ് സ്കൂളുകളിലാണ്. സർക്കാർ സ്കൂളുകളിൽ 1694 തസ്‌തികകൾ കുറയും. നഷ്ടമാകുന്നതിൽ ബഹുഭൂരിപക്ഷവും അധ്യാപക തസ്‌തികകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ 94,639 കുട്ടികളാണ് ഈ വർഷം പൊതുവിദ്യാലയങ്ങളിൽ കുറഞ്ഞത്.

തസ്‌തിക നിർണയത്തിന്റെ ഭാഗമായ ഈ കണക്ക് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഓരോ അധ്യയന വർഷവും ജൂലൈ 15നു മുൻപ് പൂർത്തിയാക്കണമെന്നു കേരള വിദ്യാഭ്യാസച്ചട്ടത്തിൽ വ്യക്തമാക്കുന്ന തസ്തിക നിർണയം ഈ അധ്യയനവർഷം അവസാനിക്കാൻ മൂന്നാഴ്ച‌ മാത്രം ശേഷിക്കെ പൂർത്തിയായിട്ടുമില്ല. ഈ അധ്യയനവർഷം പുതിയ തസ്‌തികകൾ എത്ര വേണമെന്ന കണക്കും ഇനിയും അന്തിമമായിട്ടില്ല. ഓരോ വിദ്യാഭ്യാസ ഓഫിസിനു കീഴിലും തസ്തിക നഷ്‌ടം സംഭവിച്ച് പുറത്തുപോയവരുടെ എണ്ണം, ഇതിൽ സംരക്ഷണത്തിന് അർഹരായവർ എത്ര, സംരക്ഷണത്തിന് അർഹതയുള്ളവരെയെല്ലാം പുനർവിന്യസിച്ചോ, അധ്യാപക ബാങ്കിൽ നിലവിൽ എത്ര സംരക്ഷിത അധ്യാപകരുണ്ട് എന്നീ വിവരങ്ങൾ ക്രോഡീകരിച്ച് ഇമെയിലിലൂടെയും വാട്സാപ്പിലൂടെയും നൽകാൻ ഉപഡയറക്ടർമാർക്ക് നൽകിയ സമയപരിധി ഈ മാസം ഒന്നാം തീയതി ആയിരുന്നു. ഇതനുസരിച്ചാണ് പുതിയതായി സൃഷ്ടിക്കേണ്ട തസ്ത‌ികകൾ അന്തിമമായി നിർണയിക്കുക.

Previous Post Next Post