ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു


കണ്ണൂർ :- എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു. ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രവര്‍ത്തനം നടത്തുക. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ അവബോധം ഉണ്ടാക്കും. എച്ച്‌ഐവി ബാധിതര്‍ സമൂഹത്തില്‍ അവഗണന നേരിട്ടാല്‍ സമിതിയെ അറിയിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവിധ വകുപ്പുകള്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എച്ച്‌ഐവി പരിശോധന വര്‍ധിപ്പിക്കും. രോഗബാധിതര്‍ക്കുള്ള ചികിത്സയും പരിചരണവും കൃത്യമായി ലഭ്യമാക്കും.

ചികിത്സ തേടാന്‍ മടിക്കുന്നവരെ ബോധവല്‍കരിച്ച് ചികിത്സ ലഭ്യമാക്കും. ജില്ലയിലെ വിവിധ ആശുപത്രികളില്‍ എച്ച്‌ഐവി ചികിത്സ ലഭ്യമാണ്. ജില്ലാ വികസന കമ്മീഷണറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ് ജില്ലയിലെ പ്രവര്‍ത്തനം വിശദീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Previous Post Next Post