തിരുവനന്തപുരം :- ആധാരങ്ങൾ റജിസ്റ്റർ ചെയ്യാൻ ഇപ്പോഴുള്ള ആധാരമെഴുത്തു രീതി മാറ്റി പകരം എളുപ്പത്തിൽ ഫോം പൂരിപ്പിച്ചു നൽകുന്ന ടെം പ്ലേറ്റ് സൗകര്യം നടപ്പാക്കി സർക്കാർ ഉത്തരവ്. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളുടെ അധികാര പരിധിയിൽ വരുന്ന സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ടെംപ്ലേറ്റ് പരിഷ്കാരം നടപ്പാക്കുന്നത്. 19 തരം ആധാരങ്ങളാണ് ടെംപ്ലേറ്റ് സൗകര്യം വഴി തയാറാക്കാൻ കഴിയുക.
ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയതിനെതിരെ ആധാരമെഴുത്തുകാർ നാളെ ശനിയാഴ്ച പണിമുടക്കും. ജില്ലയിലെ 23 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും. ആധാരത്തിന്റെയും സ്വത്തിന്റെയും സുരക്ഷിതത്വത്തെ ബാധിക്കുന്ന വിധത്തിലും പൊതുജനങ്ങൾക്ക് നികുതിഭാരം വർധിക്കുന്ന വിധത്തിലുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് ആധാരമെഴുത്ത് തൊഴിലാളികളുടെ അസോസിയേഷൻ ആരോപിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ഭൂമിയുമായി ബന്ധപ്പെട്ട് റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും 'എൻ്റെ ഭൂമി' എന്ന പോർട്ടലിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി കൂടിയാണു ടെംപ്ലേറ്റ് നടപ്പാക്കുന്നത്. ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം ആധാരത്തിൻ്റെ സ്വഭാവം അനുസരിച്ചു ടെംപ്ലേറ്റ് തിരഞ്ഞെടുക്കണം. ഇടപാടു നടക്കുന്ന ഭൂമിയുടെ സ്കെച്ച് ഡിജിറ്റൽ രൂപത്തിൽ തന്നെ ആധാരത്തിന്റെ ഭാഗമായി വരും. റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ പോക്കുവരവ് നടപടികൾ വില്ലേജ് ഓഫിസിൽ പൂർത്തിയാകും.