സഹനശീലമില്ലാത്ത മഹാരഥന്മാരാരും തന്നെ ചരിത്രത്തിലുണ്ടായിട്ടില്ല. ഏറ്റവും മനോഹരമായ ജീവിതം ക്ഷമയോടെ കഴിഞ്ഞ കാലവും ഞാൻ കണ്ട ഏറ്റവും മാന്യരായ മനുഷ്യർ സഹന ശീലന്മാരുമാണെന്ന് ഖലീഫാ ഉമർ ഒരിക്കൽ പറയുന്നുണ്ട്. സഹനത്തോടെ സഹവർത്തിക്കുന്നവർ എത്രമാത്രം നമ്മെ സ്വാധീനിക്കുന്നുവെന്നും സന്തോഷിപ്പിക്കുന്നുവെന്നും പലപ്പോഴും നാം തന്നെ തിരിച്ചറിയാറുള്ളതുമാണ്. ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോൾ പെട്ടെന്ന് പ്രക്ഷുബ്‌ധരാകുക, നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഏറ്റവും ചെറിയ സന്ദർഭത്തിൽപ്പോലും ക്ഷോഭിക്കുക തുടങ്ങി വ്യക്തിജീവിതത്തിലെ ഏറ്റവും വികലമായ സ്വഭാവദൂഷ്യങ്ങളെ പതിയെ മാറ്റിയെടുക്കാൻ പഠിക്കണം. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രയാസങ്ങളിൽ ഒന്ന്. വ്രതം മനസ്സിനെയും ശരീരത്തെയും സഹനത്തിന്റെ പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. അന്നപാനീയങ്ങൾ അരികിലുണ്ടായിരിക്കുമ്പോഴും നോമ്പുകാരൻ പകൽ മുഴുവൻ കാത്തിരിക്കുന്നത് സഹനത്തിൻ്റെ പൂർണത തേടിയാണ്.
അരിസ്റ്റോട്ടിൽ പറയുന്നതുപോലെ സദ്‌ഗുണങ്ങൾ സ്വായത്തമാക്കാൻ സ്ഥിരതയുള്ള പരിശീലനങ്ങളിലൂടെ അതിനെ ജീവിതത്തിന്റെ സ്വാഭാവികതയാക്കി പരിവർത്തിപ്പിക്കുകയാണ് വേണ്ടത്. അതാണ് ക്ഷമയുടെ ആത്യന്തികലക്ഷ്യവും. സുസ്ഥിരതയും സഹനവും കൈവരിക്കുന്നവർ അമ്പരപ്പിക്കുന്ന വിജയങ്ങൾ നേടുന്നു. വിശുദ്ധ ഖുർആൻ പറയുന്നു, നിശ്ചയം, ക്ഷമാശീലർ നേടുന്ന ഫലം കരുതാവുന്നതിലപ്പുറമാണ്.