കണ്ണൂർ :- പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് വ്യക്തമായ ധാരണ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രദർശനം സംഘടിപ്പിച്ചു. 'ദ പ്ലാസ്റ്റിക് ' എന്ന പേരിൽ കണ്ണൂർ ജില്ലാ ശുചിത്വമിഷനും കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് വിഭാഗവും ചേർന്ന് കണ്ണൂർ എസ്എൻ കോളജിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽമീഡിയയിൽ ഒരു അടിസ്ഥാനവും ഇല്ലാതെ പ്രചരിക്കുന്ന സന്ദേശങ്ങളും വീഡിയോകളും പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വികലമായ ധാരണകൾ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇത് തിരുത്തുന്നതിനും ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മുഴുവൻ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിട്ടില്ല. ഒറ്റത്തവണ ഉപയോഗവസ്തുക്കൾക്കും റീസൈക്കിൾ ചെയ്യാൻ കഴിയാത്തത്ര കനമുള്ള പ്ലാസ്റ്റിക് കവറുകൾക്കും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും ആണ് നിരോധനമുള്ളത്. കൂടാതെ മാലിന്യത്തിൻ്റെ തോത് കുറക്കാൻ വേണ്ടി 300 മില്ലിയുടെ കുടിവെള്ളക്കുപ്പികളും നിരോധിച്ചിട്ടുണ്ട്. നിരോധിച്ച വസ്തുക്കളുടെ പ്രദർശനത്തോടൊപ്പം അവ എന്തുകൊണ്ട് നിരോധിച്ചു എന്നതിനുള്ള വിശദീകരണവും പോസ്റ്റർ രൂപത്തിൽ പ്രദർശിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം നിരോധനത്തിന്റെ കാര്യകാരണസഹിതം വിശദീകരിച്ച് സംഘടിപ്പിച്ചത്. പ്രദർശനത്തോടൊപ്പം, വർദ്ധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങളെയും മാലിന്യ സംസ്കരണത്തെയും കുറിച്ച് കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളുടെ അവതരണവും നടന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി എൻ.എസ്.എസ്. ഡയറക്ടർ ഡോ:ടി.പി.നഫീസ ബേബിയുടെ അധ്യക്ഷതയിൽ എസ്എൻ കോളജ് പ്രിൻസിപ്പാൾ ഡോ: സി.പി.സതീഷ് പരിപാടി ഉൽഘാടനം ചെയ്തു. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ വിഷയം അവതരിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമേഷ് പി.സി, എൻഎസ്എസ് ചാർജ് ഓഫീസർ ഇ.ശ്രീലത ക്ലീൻ കേരള കമ്പനി മാനേജർ ആശംസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. പ്രദർശനം ശുചിത്വമിഷൻ കോ ഓർഡിനേറ്റർ കെ.എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികളുടെ നാടകാവതരണവും നടന്നു.