മയ്യിൽ :- ആകാശ വിസ്മയങ്ങൾ അറിഞ്ഞ് തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച 'ആകാശ യാത്ര' പരിപാടി. ബഹിരാകാശത്ത് ടൂറുപോകണമെന്ന് കൊതിപറഞ്ഞവരും ചന്ദ്രനിൽ രണ്ടുദിവസം ടെന്റുകെട്ടി താമസിച്ച് അടിച്ചുപൊളിക്കണമെന്നും കൊതിപറഞ്ഞവരുണ്ടായിരുന്നു ‘സ്‌കൈസഫാരി’ക്കെത്തിയവരിൽ. ഭാവിയിൽ അതൊക്കെ സാധ്യമായേക്കാം എന്ന സാധ്യതകൾ പറഞ്ഞുവെച്ചാണ് സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദിയുടെ ‘ആകാശസഞ്ചാരം’ ആരംഭിച്ചത്.
ചിത്രത്തിലല്ലാതെ ദൂരദർശിനി കണ്ടിട്ടുപോലുമില്ലാത്തവരായിരുന്നു കൂട്ടത്തിലധികവും. ദൂരദർശിനിക്കുഴലിലൂടെ അനേകകോടി കിലോമീറ്ററുകൾ അപ്പുറത്ത് കത്തിജ്വലിക്കുന്ന ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും കാണാമെന്നതാതയിരുന്നു ആകാശയാത്രയുടെ ഹൈലൈറ്റ്. പഴശ്ശി കനാൽ നീർപ്പാലത്തിൽ നിന്നായിരുന്നു കുഞ്ഞുങ്ങൾ ആകാശവും അതിലെ കാഴ്‌ചകളും കണ്ടത്. ദൂരദർശിനിക്കുഴലിലൂടെ ആകാശത്തിന്റെ അതിരിൽ വ്യാഴവും നേർരേഖയിൽ ഉപഗ്രഹങ്ങളും അവർ അണ്ടു.
അറുന്നൂറ് വർഷം മുമ്പ് തിരുവാതിര നക്ഷത്രത്തിൽ പുറപ്പെട്ട വെളിച്ചമാണ് ഈ നിമിഷത്തിൽ ഭൂമിയെ തൊടുന്നതെന്ന് പ്രദീപൻ മാഷ് പറഞ്ഞതുകേട്ട് അവർ അതിശയിച്ച് ഒച്ചവെച്ചു. നക്ഷത്രദോഷവും ഗ്രഹണവും ഉൾപ്പെടെ ആകാശത്തേയും ആചന്ദ്രതാരത്തേയും ചുറ്റിപ്പറ്റിയുള്ള അനേകായിരം അന്ധവിശ്വാസങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു 'സ്കൈ സഫാരി'.
ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ആകാശനിരീക്ഷണമൊരുക്കിയത്. മാനം നോക്കി ദിക്കും സമയവും അറിയാനും നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും തിരിച്ചറിയാനുമുള്ള ശാസ്ത്രീയരീതികൾ ശിൽപശാല പരിചയപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് കെ പി പ്രദീപ് കുമാർ, പി എം സുരേഷ് ബാബു, സി കെ സുരേഷ് ബാബു എന്നിവർ ശിൽപശാല നയിച്ചു.കെ ഷാജി സ്വാഗതം പറഞ്ഞു.