ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷുവിളക്കും ഞായറാഴ്ച. പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് വിഷുക്കണി ദർശന മുഹൂർത്തം. പരമാവധി ഭക്തർക്ക് വിഷുക്കണി കാണാൻ ദേവസ്വം സൗകര്യം ഒരുക്കും.
ശനിയാഴ്ച രാത്രി ശ്രീലകത്ത് കീഴ്ശാന്തി നമ്പൂതിരിമാർ ഓട്ടുരുളിയിൽ കണിക്കോപ്പ് ഒരുക്കിവയ്ക്കും. ഞായറാഴ്ച പുലർച്ചെ രണ്ടിന് മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി കുളിച്ചു വന്നു ശ്രീലക വാതിൽ തുറക്കും. മുഹൂർത്തമായാൽ കണിക്കോപ്പ് ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും. കണ്ണന്റെ കയ്യിൽ വിഷുക്കൈനീട്ടമായി ഒരു നാണ്യം വയ്ക്കും. മുഖമണ്ഡപത്തിൽ സ്വർണപീഠത്തിൽ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും വയ്ക്കും.
ശ്രീകോവിലിനു മുന്നിലെ നമസ്കാര മണ്ഡപത്തിലും വിഷുക്കണി വയ്ക്കും. കണി കണ്ട് എത്തുന്ന ഭക്തർക്ക് മേൽശാന്തി കൈനീട്ടം നൽകും. 3.42ന് വാകച്ചാർത്ത്, പതിവു ചടങ്ങുകൾ. അന്തരിച്ച തെക്കുമുറി ഹരിദാസിൻ്റെ വഴിപാടായി വിഷുവിളക്ക് ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ മേളം അകമ്പടിയാകും.