എറണാകുളം :- കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാൾ. 19.72 ലക്ഷം പേരാണ് ഈ ഒരു വർഷം വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത്. കരാർ നൽകിയ മുഴുവൻ ബോട്ടുകളും കിട്ടുന്നതോടെ വാട്ടർ മെട്രോ കൂടുതൽ ഉഷാറാകും.
കഴിഞ്ഞ വർഷം രണ്ട് റൂട്ടിൽ 9 ബോട്ടുമായി തുടങ്ങിയ യാത്ര. ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും. ഇപ്പോൾ അഞ്ച് റൂട്ടിൽ 14 ബോട്ടായി. പ്രതിദിനം 6000..6500പേർ യാത്ര ചെയ്യുന്നു. ഏറ്റവും അവസാനം തുടങ്ങിയ ഹൈക്കോടതി ഫോർട്ട് കൊച്ചി റൂട്ടിലാണ് ഏറ്റവും തിരക്ക്. നഗരത്തിരക്കിൽ ഒന്നര മണിക്കൂർ വരെ വേണ്ടിവരുന്ന യാത്രക്ക് 20 മിനിറ്റ് മതി .അതു തന്നെ കാരണം. ടെർമിനൽ നിർമാണംതുടരുന്ന വെല്ലിങ്ഠൺ ഐലൻഡ്, കടമക്കുടി തുടങ്ങിയ ഇടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുമ്പോള്‍ യാത്രികർക്ക് കൂടുതൽ സന്തോഷവും സൗകര്യവും ആകുമെന്ന് ഉറപ്പ്.
സെപ്തംബറിൽ കൂടുതൽ ബോട്ട് നൽകുമെന്നാണ് കൊച്ചിൻ ഷിപ്പ്യാർഡ് അറിയിച്ചിട്ടുള്ളത്.ഇന്ത്യയിൽ സമഗ്ര വാട്ടർ മെട്രോ തുടങ്ങിയ ആദ്യനഗരമാണ് കൊച്ചി. രാജ്യത്തെ കൂടുതൽ നഗരങ്ങൾ വിജയമാതൃക പിന്തുടരാനെത്തിയിട്ടുണ്ട്.