മുംബൈ :- മൊബൈൽഫോൺ ഉൾപ്പെടെ രാജ്യത്തു നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം 24 ശതമാനം വർധന. വാണിജ്യമന്ത്രാലയത്തിൻ്റെ പ്രാഥമിക കണക്കുപ്രകാരം 2912 കോടി ഡോളറിൻ്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് 2023-24 സാമ്പത്തിക വർഷം കയറ്റിയയച്ചത്. തൊട്ടു മുൻവർഷമിത് 2355 കോടി (1.96 ലക്ഷം കോടിരൂപ) ഡോളറായിരുന്നു. ഉത്പന്നകയറ്റുമതിയിൽ 2023-24 സാമ്പത്തികവർഷം 3.11 ശതമാനം മാത്രമാണ് വളർച്ച.
മൊബൈൽഫോൺ കയറ്റുമതിയിൽ മാത്രം 35 ശതമാനം വളർച്ച നേടാൻ രാജ്യത്തിനായി. മുൻവർഷത്തെ 1110 കോടി (92,696 കോടി രൂപ) ഡോളറിൽ നിന്ന് 1500 കോടി ഡോളറായാണ് (1.25 ലക്ഷം കോടി രൂപ) മൊബൈൽഫോൺ കയറ്റുമതി ഉയർന്നത്. ഇതിൽ 65 ശതമാനം വിഹിതവും ഐഫോണിന്റേതാണ്. ഏകദേശം 1000 കോടി ഡോളറിൻ്റെ (83,510 കോടി രൂപ) ഐഫോൺ ഇന്ത്യയിൽനിന്ന് കയറ്റിയയച്ചതായാണ് കണക്ക്. 2022-23 സാമ്പ ത്തികവർഷമിത് 500 കോടി ഡോളറായിരുന്നു. ഇന്ത്യയിൽ മൊബൈൽഫോൺ ഉത്പാദനരംഗത്ത് പ്രാദേശിക മൂല്യവർധനയിൽ കാര്യമായ പുരോഗതിയുണ്ടായതായി അധികൃതർ സൂചിപ്പിച്ചു.