കൊച്ചി :- തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറുമീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആറുമീറ്റർ പരിധിയിൽ തീവെ ട്ടിയും ആൾക്കൂട്ടവും മേളവും അനുവദിക്കരുത്. സംഘാടകർ അനുവദിക്കുന്ന വളരെ കുറച്ചുപേർക്ക് മാത്രമാണ് ആറു മീറ്റർ പരിധിക്കുള്ളിൽ അനുമതിയുള്ളത്. എന്നാൽ ദൂരപരിധി സംബന്ധിച്ച നിർദേശം കുടമാറ്റത്തിന് ആനയുടെ പിറകിൽ നിൽക്കുന്നവർക്കു ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. ആനയിൽ നിന്ന് അകലം സൂക്ഷിച്ചാൽ കുടമാറ്റം നടത്താനാവില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്‍റെ വാദം. ആറ് മീറ്റർ ദൂരപരിധി കുടമാറ്റം ഉൾപ്പെടെയുള്ള ആചാരങ്ങളെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഇതോടെ വ്യക്തമാക്കി. ഇതിനിടെ തൃശൂര്‍ പൂരത്തിന് നാട്ടാനകളെ നിയന്ത്രിക്കാനിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ സംഘാടകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയത്. എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ മേളങ്ങള്‍ ഉള്‍പ്പെടെ പാടില്ലെന്ന നിര്‍ദേശത്തിലാണ് ഭേദഗതി.
ആനയ്ക്ക് അസ്വസ്ഥതകളുണ്ടാകാത്ത വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ജനങ്ങളും തമ്മിലുള്ള അകലം എന്നിവയ്ക്കും നിയന്ത്രണമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഭേദഗതി വരുത്തി. ഇടഞ്ഞ ആനകളെ നിയന്ത്രിക്കാന്‍ നിരോധിക്കപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന വ്യവസ്ഥയും മാറ്റി. നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ഭേദഗതി വരുത്തിയതായി വനം വകുപ്പ് കോടതിയെ അറിയിച്ചു. ഇതോടെ ആറ് മീറ്റർ കർശനമായി പാലിക്കണമെന്ന ഭേദഗതികളോടെ കോടതി ഉത്തരവിടുകയായിരുന്നു.