കണ്ണൂർ :- കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 643 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് കൈവരിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ 520 കോടി രൂപയുടെ റെക്കോർഡാണ് മറികടന്നത്. മൊത്തം വിറ്റുവരവിൽ 100 കോടിയോളം രൂപ ഇന്ത്യൻ നാവികസേന, എൻപിഒഎൽ എന്നിവയ്ക്ക് ഉൽപന്നങ്ങൾ നിർമിച്ചതിൻ്റെ ഭാഗമാണ്. ഐടി മേഖലയിൽ നിന്ന് 249 കോടി രൂപയും സ്‌മാർട്ട് ക്ലാസ് റൂം പദ്ധതിയിലൂടെ 143 കോടി രൂപയും ലഭിച്ചു. ഐഎസ്ആർഒക്ക് വേണ്ടിയുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ട്രാഫിക് എൻഫോഴ്സസ്മെന്റ് സംവിധാനം, സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് റെക്കോർഡ് വിറ്റുവരവിനുള്ള കാരണം.
സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെസിസിഎൽ (104 കോടി രൂപ), മലപ്പുറത്തെ കെഇസിഎൽ (30 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 777 കോടി രൂപയുടെ വിറ്റുവരവും 59 കോടി രൂപ പ്രവർത്തന ലാഭവും ഉണ്ടാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയ്ക്കു മുകളിൽ വിറ്റുവരവ് നേടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.