ഓൺലൈൻ വഴി പടക്കം ; പരിശോധന നടത്തി പോലീസ്


കണ്ണൂർ :- ഓൺലൈൻ വഴി വിൽപനയ്ക്കെത്തിച്ച പടക്കശേഖരം പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ചു. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ വഴി പടക്കത്തിന് റജിസ്റ്റ‌ർ ചെയ്തവർക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി ശിവകാശിയിൽ നിന്ന് കണ്ടയ്‌നർ ലോറിയിൽ എത്തിച്ച പടക്കങ്ങളാണ് എടക്കാട് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചത്. ചാല ബൈപാസിൽ നിന്നാണ് ലോറി കസ്‌റ്റഡിയിൽ എടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്‌തതിൽ കേസ് റജിസ്റ്റർ ചെയ്തു. സുരക്ഷ ഇല്ലാതെ അലക്ഷ്യമായി പടക്കങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടോ, വ്യക്തമായ രേഖകൾ ഇല്ലാതെയാണോ പടക്കങ്ങൾ കടത്തുന്നത് എന്നീ കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് ഓൺലൈൻ പടക്കവിൽപ്പനയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് സാധിക്കുകയെന്ന് പൊലീസ് പറയുന്നു. ഇവയിൽ നിയമ ലംഘനങ്ങളില്ലെങ്കിൽ തടയാനാകില്ല. 

ചെറിയ തുകയ്ക്ക് ഏറെ പടക്കം ലഭിക്കുമെന്നതിനാലാണ് ഉപഭോക്താക്കൾ ഓൺലൈൻ പടക്കമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നത്. അതിനിടെ തങ്ങൾ ഓർഡർ ചെയ്ത പടക്കം പിടിച്ചെടുത്തതിനെതിരെ കണ്ണൂർ തലശ്ശേരി മേഖലകളിൽ നിന്ന് നാൽപതോളം പേർ പൊലീസിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഓൺലൈനായി റജിസ്‌റ്റർ ചെയ്ത‌വർക്ക് വിതരണം നടത്താൻ ലോറികളിൽ എത്തിച്ച പടക്കങ്ങൾ നേരത്തേ പൊലീസ് പിടിച്ചെടുത്തിരുന്നു.

Previous Post Next Post