പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം ; ആനകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം


കൊച്ചി :- പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് പൂരത്തിനെഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നതെന്ന് ഹൈക്കോടതി. ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പൂർണ ഉത്തരവാദിത്വം ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ക്യാപ്‌ചർ ബെൽറ്റിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്. ആനയെ പരിക്കേൽപ്പിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുത്. ആനകളെ പരിശോധിക്കുന്നതിന് കളക്ടർ അധ്യക്ഷനായി മോണിറ്ററിങ് കമ്മിറ്റിയുണ്ടാകും. അഭിഭാഷകരായ ടി.സി സുരേഷ് മേനോൻ, സന്ദേശ് രാജ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിക്ക് ഇവർ വിവരങ്ങൾ നൽകണം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമാരെയും മോണിറ്ററിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെങ്ങനെയെന്നും കോടതി ചോദിച്ചു. എന്നാൽ, രാമചന്ദ്രന് ഭാഗികമായി മാത്രമാണ് കാഴ്ചക്കുറവുള്ളതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വലതുകണ്ണിൽ മാത്രമാണ് മൂടലുള്ളത്.

ഇടതുകണ്ണ് സാധാരണ പോലാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്തുവേണം തീരുമാനമെടുക്കാൻ. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മതിയായ ദ്രുതകർമസേനയെ നിയോഗിക്കണം. സംഘാടകർ എലിഫന്റ്റ് സ്ത്ര്വാഡിനെ വെക്കുന്നുണ്ടെങ്കിൽ ദ്രുതകർമസേനയുടെ നിർദേശമനുസരിച്ചുവേണം ഇവർ പ്രവർത്തിക്കാൻ. ഇതിന്റെ വിശദാംശങ്ങൾ 18-ന് വൈകുന്നേരത്തിനകം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർക്കു കൈമാറണമെന്ന് കോടതി നിർദേശിച്ചു.

Previous Post Next Post