തൃശ്ശൂർ :- പൂരത്തിൻ്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാൾ. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ആദ്യമയാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ടു ചുമതല ഒരാളിലേക്ക് എത്തുന്നത്. വെടിക്കെട്ടിന്റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനം.
മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് ലൈസൻസി ചുമതല അദ്ദേഹം ഏറ്റെടുത്തു. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടുചുമതല ഇദ്ദേഹത്തിനായിരുന്നു. വെടിക്കെട്ടിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ആരോഗ്യകരമായ മത്സരങ്ങൾ ഇത്തവണയും ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു.
ഏപ്രിൽ 19-ന് നടക്കുന്ന തൃശ്ശൂർ പൂരത്തിന് 17-നാണ് സാംപിൾ വെടിക്കെട്ട്. 20-ന് പുലർച്ചെ പ്രധാന വെടിക്കെട്ടും. വെടിക്കെട്ട് ഒരുക്കുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെടുമെന്നതാണ് സംയുക്ത വെടിക്കെട്ട് കരാറുകാരനാകുമ്പോഴുള്ള പ്രധാന ഗുണം. ജില്ലാ ഭരണകൂടത്തിനും പൂരം സംഘാടകർക്കും ഇത് ആശ്വാസകരമാണ്.
പുതിയ കാലത്തിനനുസരിച്ച് തൃശ്ശൂർ പൂരത്തിൽ വരുന്ന മാറ്റങ്ങളുടെ ഭാഗംകൂടിയാണിത്. മുമ്പ് കടുത്ത മത്സരം നിലനിന്ന മേഖലകളിലൊക്കെ യോജിപ്പ് കടന്നുവരുന്നതിൻ്റെ തുടർച്ചയാ ണിത്. എതിർവിഭാഗത്തിനെത്തുന്ന ആനകളെ മുടക്കാൻ ശ്രമിച്ചിരുന്ന കാലത്തുനിന്ന്, ആനകളുടെ പട്ടിക പ്രസി ദ്ധീകരിക്കുന്നതിലേക്ക് വളരെ മുമ്പുതന്നെ പൂരം സംഘാടകർ എത്തിയിരുന്നു. കുടമാറ്റത്തിലെ കുടകളുടെ എണ്ണത്തിൻ്റെ കാര്യത്തിലും ഈ ഐക്യം ഉണ്ട്. കടുത്ത മത്സരം നടന്ന വെടിക്കെട്ടിലും യോജിപ്പിന്റെ്റെ സ്വരം എത്തുന്നത് ഇതിൻ്റെ തുടർച്ചയാണ്.