കണ്ണൂർ :- മോട്ടോര്‍ വാഹന വകുപ്പിലെ രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. മിക്കരേഖകളും ഇപ്പോള്‍ ഇംഗ്ലീഷിൽ ആണെന്നും പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിൽ ആകണമെന്നുമാണ് ഉത്തരവ്. അപേക്ഷകന് ലഭിക്കുന്ന മറുപടി കത്തുകള്‍ പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ഏപ്രില്‍ ആദ്യവാരം നിയമസഭ സെക്രട്ടറിക്കും മോട്ടോര്‍ വാഹന വകുപ്പിനും ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഔദ്യോഗിക ഭാഷ മലയാളം ആക്കുകയും സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും മലയാളത്തിൽ ആക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിൽ ആക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു.