കണ്ണൂർ :- അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ കോടതിയിലുള്ള കേസ് തടസ്സമാണെന്ന് റിപ്പോർട്ട് നൽകിയ പഞ്ചായത്ത് സെക്രട്ടറിയോട് കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷം മരംമുറിയുമായി കേസിന് ബന്ധമില്ലെങ്കിൽ ഉടൻ മരം മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അഴീക്കോട് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. അഴീക്കോട് കച്ചേരിപ്പാറ പാലയാട് വീട്ടിൽ പി.സി നാരായണന്റെ പരാതിയിലാണ് നടപടി. കാർത്യായനി എന്നയാളുടെ പറമ്പിൽ പരാതിക്കാരൻ്റെ അതിർത്തിയോട് ചേർന്നാണ് മാവുള്ളത്.
കണ്ണൂർ സബ് കോടതിയിൽ കേസ് നിലവിലുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ, തന്റെ സ്വത്തിൻ്റെ അതിർത്തി നിർണയിക്കാനും കൈയേറ്റം ഒഴിപ്പിക്കാനുമാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.