തിരുവനന്തപുരം :- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം നീക്കാൻ സ്ഥാനാർഥികളും യൂസർഫീ നൽകേണ്ടിവരും. മാലിന്യത്തിൻ്റെ അളവിന് അനുസൃതമായി തദ്ദേശസ്ഥാപനങ്ങളാണ് ഫീസിൻ്റെ നിരക്ക് നിശ്ചയിക്കുക. യഥാസമയം മാലിന്യം നീക്കിയില്ലെങ്കിൽ പിഴയും ഈടാക്കാൻ വ്യവസ്ഥയുണ്ട്. വോട്ടെടുപ്പിനുശേഷം സ്ഥാനാർഥികളുടെ പ്രചാരണ സാധനങ്ങൾ ഹരിതകർമ സേനയ്ക്കോ തദ്ദേശസ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്കോ കൈമാറണമെന്നാണ് തിരഞ്ഞെടു പ്പ് കമ്മിഷൻ നിർദേശം. ഇതിന് രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ ഏജന്റുമാർ ഹരിതകർമസേനയുമായി കരാറുണ്ടാക്കണം. ഇങ്ങനെ കൈമാറുന്നതിനാണ് യൂസർഫീ.
വരും ദിവസങ്ങളിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ശുചിത്വമിഷൻ്റെയും നിർദേശങ്ങളുണ്ടാകും. തുടർന്ന് യൂസർഫീ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരും. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയോ അതിനുമുകളിലോ ഉള്ള തുകയാണ് യൂസർഫീയായി വാങ്ങുന്നത്. സമാനനിരക്ക് ആയിരിക്കില്ല രാഷ്ട്രീയപ്പാർട്ടികൾക്ക് ബാധകമാക്കുക. വോട്ടെടുപ്പിനു ശേഷം ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പ്രചാരണ സാധനങ്ങളും സ്ഥാപിച്ചവർതന്നെ അഴിച്ചുമാറ്റി തരംതിരിച്ച് സംസ്കരണത്തിന് കൈമാറണം. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ 5000 ടൺ മാലിന്യം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും കണക്ക്. ശാസ്ത്രീയ സംസ്കരണത്തിന് തയ്യാറായില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് നീക്കും. ഇതിനുള്ള ചെലവ് സ്ഥാനാർഥിയിൽ നിന്ന് ഈടാക്കും. ഈ തുകയും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.