തെരഞ്ഞെടുപ്പ് ; കേരളത്തിലേക്കുള്ള ട്രെയിൻ, ബസ് ടിക്കറ്റുകൾ തീർന്നു


ബെംഗളൂരു :- വോട്ട് ചെയ്യാൻ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്കായി ഇന്ന് ഏർപ്പെടുത്തിയ കൊച്ചുവേളി, മംഗളൂരു സ്പെഷൽ ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. കൂടാതെ കേരള, കർണാടക ആർടിസികൾ അനുവദിച്ച സ്പെഷൽ ബസുകളിലെ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ തീർന്നു. കേരള ആർടിസി നാളെ മാത്രം 16 സ്പെഷൽ ബസുകളാണ് ഇന്നലെ വരെ അനുവദിച്ചത്. ബസുകൾ ലഭിക്കുന്നതിനനുസരിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് കൂടുതൽ സ്പെഷൽ ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പെഷൽ ബസുകളിൽ ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി 21 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. കൂടാതെ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷൽ ബസ് ഏർപ്പെടുത്തി. സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ നാളത്തെ നിരക്ക് 3400- 3800 രൂപവരെയാണ് ഉയർന്നത്. കാർപൂളിങ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങുന്നവരും കുറവല്ല.

എസ്എംവിടി ബയ്യപ്പനഹള്ളി- കൊച്ചുവേളി എക്സ്പ്രസ് (06549), പാലക്കാട് വഴിയുള്ള എസ്എംവിടി ബയ്യപ്പനഹള്ളി-മംഗളൂരു എക്സ്‌പ്രസ് (06553) എന്നീ ട്രെയിനുകളിലെ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വെയ്‌റ്റ് ലിസ്റ്റിലായത്. എന്നാൽ, പോളിങ് ദിനമായ നാളെ രാവിലെ 7ന് കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ ഒരു മണിക്കൂറിനുള്ളിൽ തിരിച്ച് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊച്ചുവേളി-എസ്എംവിടി ബയ്യപ്പനഹള്ളി എക്സ്പ്രസ് (06550) നാളെ രാവിലെ 8നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50നാണ് ബെംഗളൂരുവിലെത്തുന്നത്. വൈകിട്ട് പുറപ്പെടുന്ന സമയക്രമമായിരുന്നെങ്കിൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എസി കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ കൊച്ചുവേളിയിൽ നിന്നുള്ള മടക്കസർവീസിൽ തേഡ് ഇക്കോണമിയിൽ ഇന്നലെ 940 സീറ്റുകളും ടു ടയറിൽ 165 സീറ്റുകളും ബാക്കിയുണ്ടായിരുന്നു.

Previous Post Next Post