വർഷങ്ങളായി മാറാതെയുള്ള ശ്വാസതടസം ; യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി


കൊച്ചി :- വർഷങ്ങളായി മാറാതെയുള്ള ശ്വാസതടസത്തിന് പോം വഴി തേടിയെത്തിയ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗം കണ്ടെത്തിയത്. ഏകദേശം 1 സെന്റിമീറ്ററോളം വലുപ്പമുള്ള മൂക്കുത്തിയുടെ ഭാഗം അഴിഞ്ഞ് ശ്വാസകോശത്തിലേക്ക് പോവുകയായിരുന്നു. 

കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തത്. 12 വർഷങ്ങൾക്കു മുമ്പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടിൽ നിന്ന് കിട്ടിയെങ്കിലും ചങ്കിരി കിട്ടിയില്ല. ഇതിനായി വീട്ടിൽ ഏറെ തിരച്ചിൽ നടത്തിയെങ്കിലും കിട്ടാതായതോടെ മറ്റെവിടെയെങ്കിലും വീണ് പോയതാകാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു വീട്ടമ്മ. 

മറ്റൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നടത്തിയ കഴിഞ്ഞ ആഴ്ച സ്കാനിംഗിലാണ് ശ്വാസകോശത്തിലെ അന്യ പദാർത്ഥം കണ്ടെത്തിയത്. തുടർന്ന് തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കെത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു. ഡോ.ശ്രീരാജ്, ഡോ.ടോണി എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു. 

Previous Post Next Post