കണ്ണൂർ :- ജില്ലയിൽ മുപ്പതിനായിരത്തിലധികം തെരുവുനായ്ക്കളുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. 2019-ൽ നടത്തിയ സെൻസസ് പ്രകാരം 23,666 ആണ് ജില്ലയിലെ തെരുവുനായ്ക്കളുടെ എണ്ണം. ഈ വർഷം സെൻസസ് എടുക്കുമ്പോൾ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിലുള്ള ഏക എ.ബി.സി. കേന്ദ്രം മാത്രമാണ് ജില്ലയിലുള്ളത്. 2022-ൽ ആരംഭിച്ച ഊരത്തൂരിലെ എ.ബി.സി കേന്ദ്രത്തിൽനിന്ന് ഇതുവരെ 2341 തെരുവുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. ഇതിൽ 1270 ആൺനായകളും 1071 പെൺനായകളും ഉൾപ്പെടും. ഇവിടെനിന്ന് പ്രതിദിനം ശരാശരി ഏഴ് മുതൽ 10 വരെ നായ്ക്കളുടെ വന്ധ്യംകരണം മാത്രമാണ് നടക്കുന്നത്. ശസ്ത്രക്രിയക്കുശേഷം ആൺ നായ്ക്കളെ മൂന്നുദിവസവും പെൺ നായ്ക്കളെ അഞ്ചുദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കുന്നുണ്ട്.
തലശ്ശേരി കൊപ്പാലത്തും പരിയാരത്തും പുതിയ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ജില്ലയിലെ മുഴുവൻ വന്ധ്യംകരണം ഊരത്തൂരിൽനിന്ന് മാത്രം നടത്തുമ്പോൾ 3 നായ്ക്കളെ എത്തിക്കുന്ന വാഹനങ്ങ ളുടെയടക്കം ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരു എ.ബി.സി കേന്ദ്രത്തെ മാത്രം ആശ്രയിച്ച് ജില്ലയിലെ തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന ചോദ്യമുയരുന്നുണ്ട്.